Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ സന്ഡർലൻഡിന് ജയം. പിന്നിൽനിന്നും തിരിച്ചുവരവ് നടത്തിയാണ് സന്ഡർലൻഡ് ജയം സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ ന്യൂകാസിൽ ഒരു ഗോളിന് മുന്നിലായിരുന്നു. രണ്ടാം പകുതിയിൽ ഒപ്പമെത്തിയ സന്ഡർലൻഡ് അവസാന നിമിഷമാണ് വിജയ ഗോൾ നേടിയത്.
മത്സരത്തിന്റെ പത്താം മിനിറ്റിൽ അന്തോണി ഗോർഡൻ ന്യൂകാസിലിനെ മുന്നിലെത്തിച്ചു. 57-ാം മിനിറ്റിൽ ചെംസ്ഡൈൻ ടാൽബി സന്ദർലൻഡിനെ ഒപ്പമെത്തിച്ചു. 90-ാം മിനിറ്റിൽ ബ്രയാൻ ബ്രോബീ സന്ഡർലൻഡിനായി വിജയ ഗോൾ നേടി.
മറ്റ് മത്സരങ്ങളിൽ ലിവർപൂളിനെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് ബ്രൈറ്റണ് ഹോവ് ആൽവിനോ അട്ടിമറിച്ചു. ഫുൾഹാം 3-1ന് ബേണ്‍ലിയെയും വീഴ്ത്തി.
Sports
ചൈന: ഇറ്റാലിയൻ കൗമാരക്കാരനായ കിമി അന്റൊനെല്ലി ഫോർമുല വണ്‍ ഫുൾ ഗ്രാൻഡ് പ്രിക്സിനായി പോൾ പൊസിഷൻ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഡ്രൈവറെന്ന നേട്ടത്തിന് ഉടമ.
ചാന്പ്യൻഷിപ്പിൽ മുന്നിലുള്ള സഹതാരം ജോർജ് റസലിനേക്കാൾ 0.222 സെക്കൻഡ് വേഗതയിലാണ് 19 കാരൻ അന്റൊനെല്ലി യോഗ്യത നേടിയത്. ഫെരാരിയുടെ ലൂയിസ് ഹാമിൽട്ടണാണ് വേഗതയേറിയ മൂന്നാമത് താരം.
അതേസമയം ചൈനീസ് ഗ്രാൻഡ് പ്രീയിൽ ജോർജ് റസൽ ന്ധപ്രെറ്റി ഫണ്ന്ധ സ്പ്രിന്റ് റേസിൽ വിജയിയായി.
Kerala
തൃശൂർ: നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്) സംഘടിപ്പിച്ച നിസരി സംസ്ഥാന കലോത്സവത്തിൽ കീരിടം സ്വന്തമാക്കി കണ്ണൂർ സർവകലാശാല. 108 പോയിന്റ് സ്വന്തമാക്കിയാണു നേട്ടം. ഡോ. ആർ.എൻ. അസർ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും കണ്ണൂർ സർവകലാശാല സ്വന്തമാക്കി. 79 പോയിന്റ് നേടിയ കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയ്ക്കാണു രണ്ടാംസ്ഥാനം. 66 പോയിന്റുള്ള കേരള ആരോഗ്യ സർവകലാശാലയ്ക്കു മൂന്നാം സ്ഥാനം.
സർവകലാശാലകൾ, ഐഎച്ച്ആർഡി, ടെക്നിക്കൽ സെൽ, ആരോഗ്യ സർവകലാശാല, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി എന്നിവ ഉൾപ്പെടെ 24 സെല്ലുകളിലെ കൗമാരപ്രതിഭകൾ മാറ്റുരച്ചു. തൃശൂർ നഗരത്തിൽ പത്തു വേദികളിലായി 30 ഇനങ്ങളിൽ മത്സരം നടന്നു.സമാപനസമ്മേളനം തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു.
District News
തൊടുപുഴ: മൃഗസംരക്ഷണ മേഖലയില്‍ മിന്നുംവിജയം നേടി മുന്നേറുന്ന നിഷ ബെന്നി കാവനാലിന് സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ 2024ലെ മികച്ച സമ്മിശ്ര ഫാം കര്‍ഷകയ്ക്കുള്ള പുരസ്കാരം. ശാസ്ത്രീയവും ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് നിഷ നടത്തുന്ന കാവനാല്‍ ഫാം ക്ഷീരമേഖലയില്‍ ഉള്‍പ്പെടെ കാര്‍ഷിക കേരളത്തിന് മികച്ച മാതൃകയാണ്.
എച്ച്എഫ്, ജേഴ്സി തുടങ്ങിയ വിദേശ ഇനങ്ങളും ഗിര്‍, പുങ്കനൂര്‍, വെച്ചൂര്‍ തുടങ്ങിയ തനത് ഇനങ്ങളുമുള്‍പ്പെടെ 187 പശുക്കളാണ് ഫാമിലുള്ളത്. ഇതിനുപുറമേ 157 ആടുകളും മുന്നൂറിലധികം പന്നികളും നാടന്‍ കോഴി, താറാവ്, ഗള്ഗം, വാത്ത, ഗിനി തുടങ്ങി വിവിധയിനം പക്ഷികളും കുതിരകളും നിഷയുടെ വിശാലമായ ഫാമിലുണ്ട്.
ദിവസേന 1100 ലിറ്റര്‍ പാല് സൊസൈറ്റിയില്‍ നല്കുന്ന നിഷ, പാലിന് പുറമേ നെയ്യ്, പനീര്‍, തൈര്, വെണ്ണ എന്നീ മൂല്യവര്‍ധിത ഉത്പന്നങ്ങളും വിപണിയിലെത്തിക്കുന്നു. ഓട്ടോമാറ്റിക് മില്‍ക്കിംഗ് മെഷീന്, ചാഫ് കട്ടറുകള്‍, സ്വന്തമായി ഫീഡ് പ്ലാന്റ് എന്നിവവഴി അധ്വാനം ലഘൂകരിച്ചാണ് ഫാം പ്രവര്‍ത്തിക്കുന്നത്.
മാലിന്യ സംസ്കരണത്തിനായി ചാണകം ഉണക്കുന്ന യന്ത്രവും നാല് ബയോഗ്യാസ് പ്ലാന്റുകളും സജ്ജീകരിച്ചിട്ടുണ്ട്. ഇതില്‍നിന്നാണ് ഫാമിനാവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഓര്‍ഗാനിക് എന്ന ബ്രാന്‍ഡില്‍ ജൈവവളങ്ങള്‍ പാക്കറ്റുകളിലാക്കി വില്‍ക്കുന്നതിലൂടെ മികച്ച അധികവരുമാനവും ഇവര്‍ കണ്ടെത്തുന്നുണ്ട്. 25 പേര്‍ക്ക് സ്ഥിരമായി തൊഴിലും നല്‍കുന്നുണ്ട്.
എറണാകുളം പുത്തന്‍കുരിശ് സ്വദേശിയും കോണ്‍ട്രാക്ടറുമായ ഭര്‍ത്താവ് കാവനാല്‍ ബെന്നിയാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് പുറപ്പുഴയില്‍ 23.5 ഏക്കര്‍ സ്ഥലം വാങ്ങി കൃഷിയാരംഭിച്ചത്. തെങ്ങ്, ജാതി, കമുക്, പഴവര്‍ഗങ്ങള്‍ എന്നിവയുടെ സമ്മിശ്ര കൃഷിയാണ് ഇവിടെയുള്ളത്. 2010ലാണ് നിഷ ഫാം ആരംഭിച്ചത്. ഇതിനു മുമ്പും നിഷയെ തേടി ഒട്ടേറെ പുരസ്കാരങ്ങള്‍ എത്തിയിട്ടുണ്ട്. 2016ല്‍ ക്ഷീര വികസന വകുപ്പിന്റെ മികച്ച ക്ഷീര സഹകാരി അവാര്‍ഡ് ലഭിച്ചു. 2016മുതല്‍ 2022 വരെ തുടര്‍ച്ചയായി ജില്ലയിലെ മികച്ച ക്ഷീര കര്‍ഷകയായി തെരഞ്ഞെടുക്കപ്പെട്ടു. 2023 -ല്‍ സംസ്ഥാന ക്ഷേമനിധി ബോര്‍ഡിന്റെ അവാര്‍ഡും ലഭിച്ചു.
ഭര്‍ത്താവ് ബെന്നിക്കു പുറമേ മകന് ആല്‍ബിയും അനീറ്റയും അലീനയും ഫാം പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്. സൗത്ത് വഴിത്തല ക്ഷീരസംഘം പ്രസിഡന്റുകൂടിയാണ് ബെന്നി. 25ന് തിരുവനന്തപുരം കനകക്കുന്നില്‍ നടക്കുന്ന ചടങ്ങില്‍ നിഷ പുരസ്കാരം ഏറ്റുവാങ്ങും.
Sports
കൊച്ചി: ആയാസമുള്ളതിനെ അനായാസം കീഴടക്കുന്നതിലെ ത്രിൽ ഒന്നു വേറെ തന്നെ. ആ ത്രില്ലിനെ തൊട്ടറിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് കൊച്ചിയിലെ ഈ ഐആര്‍എസ് ഉദ്യോഗസ്ഥന്. ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കായിക ഇനങ്ങളിലൊന്നായ മലേഷ്യന്‍ ട്രയാത്തലണ്‍ നിശ്ചിതസമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയ ഇദ്ദേഹത്തിന് മലേഷ്യന്‍ അയണ്മാന് പട്ടം സ്വന്തം. കൊച്ചിയിലെ ജിഎസ്ടി ആന്‍ഡ് കസ്റ്റംസ് അഡീ. കമ്മീഷണര്‍ ജോമി ജേക്കബാണ് അപൂര്‍വനേട്ടം തന്റെ പേരിലാക്കിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 607 പേര് പങ്കെടുത്ത മത്സരത്തിലാണ് ഈ നേട്ടം.
മലഞ്ചെരിവിലൂടെ സൈക്കിളിൽ
കടലിലും മലഞ്ചെരിവിലും റോഡിലുമായി മൂന്നു ഘട്ടങ്ങളിലായാണ് ട്രയാത്തലണ്‍ പൂര്‍ത്തിയാക്കിയത്. കടലില്‍ 3.8 കിലോമീറ്റര്‍ നീന്തല്‍, 180 കിലോമീറ്റര്‍ മലഞ്ചെരുവിലൂടെ സൈക്കിളിംഗ്, 42.2 കിലോമീറ്റര്‍ ഫുള്‍ മാരത്തണ്‍ എന്നിവയായിരുന്നു മലേഷ്യന്‍ അയണ്മാന് കിരീടനേട്ടത്തിലേക്കുള്ള കഠിനവഴികള്‍. ഇത്രയും 17 മണിക്കൂറിനുള്ളിലാണ് പൂര്‍ത്തിയാക്കേണ്ടത്. എന്നാല്‍, ജോമിക്ക് ഇതിനു വേണ്ടിവന്നത് 14.19 മണിക്കൂര്‍ മാത്രം. മലേഷ്യന്‍ ട്രയാത്തലണ്‍ കേരളത്തില്‍നിന്നുള്ള മത്സരാര്‍ഥി ജോമി മാത്രമായിരുന്നു. നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയത് 705ല്‍ 35 പേരാണ്.
മൂന്നു മാസം പെരിയാറിൽ
സാഹസികയാത്രകളോടുള്ള ഇഷ്ടമാണ് ലങ്കാവിയില്‍ നടന്ന ട്രയാത്തലണിലേക്കെത്തിച്ചത്. നേരത്തെ ഡെന്മാര്ക്കില് നടന്ന ട്രയാത്തലണിലും മത്സരിച്ചു കോപ്പന്‍ഹേഗന്‍ അയണ്മാന് പട്ടം നേടിയിട്ടുണ്ട്. മൂന്നു മാസത്തോളം പെരിയാറിലും പുതുവൈപ്പിലെ കടലിലും കൂടാതെ, സൈക്കിളിംഗിലും തീവ്രപരിശീലനം പൂര്‍ത്തിയാക്കിയാണ് മലേഷ്യയിലേക്കു തിരിച്ചത്. റാന്നി സ്വദേശിയായ ജോമി കൊച്ചി കാക്കനാടാണ് സ്ഥിരതാമസം. ഡോ. അനു ഉണ്ണിയാണു ഭാര്യ. ജോ ആനും ജോര്‍ദനും മക്കളാണ്.
യൂറോപ്പിലെ അയണ്മാന് മത്സരങ്ങളേക്കാള്‍ കഠിനമാണ് മലേഷ്യയിലേതെന്നു ജോമി പറയുന്നു. കഠിനപരിശീലനവും നിശ്ചയദാര്‍ഢ്യവും ലക്ഷ്യബോധവും കൃത്യമെങ്കില്‍ അസാധ്യമെന്നു കരുതുന്നതു പലതും നേടിയെടുക്കാമെന്നും അദ്ദേഹത്തിന്റെ ഓര്‍മപ്പെടുത്തല്‍.